ബഹുമാന്യരായ ഉസ്താദുമാർ, ശബ്ദം ശ്രവിക്കുന്ന കൂട്ടുകാരെ..,
പ്രകൃതിയും ഇസ്ലാമും എന്ന പ്രസക്തമായ വിഷയത്തിൽ അല്പം ചില
ചിന്തകളാണ് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
പ്രിയരേ, പ്രകൃതി ക്ഷോഭങ്ങളും ആഗോള താപനവുമൊക്കെ മനുഷ്യന് അനുദിനം
വെല്ലുവിളിയുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍, ഏതൊരു ആധുനിക സമസ്യകളിലുമെന്ന പോലെ പരിസ്ഥിതി സ്നേഹത്തിന്‍റെ
വിഷയത്തിലും ഇസ്ലാമിന്‍റെ തത്വാധിഷ്ഠിതമായ ശൈലിയിലേക്കാണ് ലോകം നടന്നടുക്കുന്നത്.
സസ്യലദാതികളും ജലവും ജന്തുജാലങ്ങളുമടങ്ങിയ നമ്മുടെ സുന്ദരമായ പരിസ്ഥിതി ഇന്ന് വളരെ
അപകടകരമായ അവസ്ഥയിലാണ്. മനുഷ്യമക്കള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളാല്‍ തന്നെ
നമ്മുടെ മാതാവായ ഭൂമിക്ക് മരണമണി മുഴങ്ങുമ്പോള്‍ ജനങ്ങളുടെ കരങ്ങള്‍ ചെയ്തത് കാരണം
കരയിലും കടലിലും കുഴപ്പങ്ങള്‍ വെളിവായി എന്ന വിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനം പകല്‍
വെളിച്ചം പോലെ പുലരുന്നതാണ് ഇന്ന് നാം കാണുന്നത്.
പരിസ്ഥിതിയിലെ ഓരോ സൂക്ഷ്മ
വസ്തുക്കളെ കുറിച്ചു പോലും ഇസ്ലാം വ്യക്തവും സ്പഷ്ടവുമായ കാഴ്ച്ചപ്പാടുകളാണ്
വെച്ചു പുലര്‍ത്തുന്നത്. മനുഷ്യസൃഷ്ടിപ്പിന്‍റെ ആദിമ കാലം മുതല്‍ക്ക് തന്നെ ഈ
പരിസ്ഥിതി സ്നേഹത്തിന്‍റെ വെളിച്ചം നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. പ്രഥമ മനുഷ്യ
പുത്രനായ ഹാബീല്‍(റ) ഒരു കര്‍ഷകനായിരുന്നു എന്ന് കിതാബുകളില്‍ രേഖപ്പെടുത്തുമ്പോള്‍
ഇതിന്‍റെ പൗരാണികതയും നമുക്ക് വായിച്ചെടുക്കാം.
സാംബിയയിലെ ലുസാക്ക എന്ന
സ്ഥലത്തെ ഒരു മൃഗശാലയുടെ അവസ്ഥ ഇവിടെ വിവരിക്കുക ഏറെ ഉചിതമാണെന്ന് തോന്നുന്നു.
എന്തെന്നാല്‍, മൃഗശാലയിലെ വലിയ ഒരു
കൂടിനു മുന്നില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ജീവി എന്നൊരു ബോര്‍ഡെഴുതി
വെച്ചിട്ടുണ്ട്. പക്ഷെ, കൂടിനുള്ളില്‍
ഒരു ജീവിയെയും കാണാന്‍ സാധിക്കില്ല. മറിച്ച്, സഞ്ചാരികളുടെ പ്രതിബിംബം കാണിക്കുന്ന പടുകൂറ്റന്‍
കണ്ണാടിയാണ് അവിടെ വെച്ചിട്ടുള്ളത്. മനുഷ്യനെ ലോകത്തെ ഏറ്റവും അപകടകാരിയായി
ചിത്രീകരിക്കുന്ന ഈ മൃഗശാല ഇന്ന് അര്‍ത്ഥത്തിലും അക്ഷരത്തിലും യാഥാര്‍ത്ഥമായ ഒരു
കാര്യമാണ് ചെയ്തിട്ടുള്ളതെന്ന് പറയാതെ വയ്യ. നമ്മുടെ പരിസ്ഥിതി ഇത്രയേറെ
മോശമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ വരും തലമുറക്ക് മാതൃകയാകും വിധം
പരിസ്ഥിതിയെ സ്നേഹിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.
പ്രവാചകന്‍(സ്വ) തന്‍റെ
ജീവിതത്തില്‍ പരിസ്ഥിതി സ്നേഹത്തിന്‍റെ അമൂല്യമായ പാഠങ്ങള്‍ പരിപൂര്‍ണ്ണമായി പകര്‍ത്തി, അതിനു ശേഷം മാത്രം തന്‍റെ അനുചരന്മാരെ അതിന്‍റെ മേല്‍
പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴാണ് റസൂല്‍(സ്വ) പരിസ്ഥിതി സ്നേഹത്തിന്‍റെ
അതുല്യനായ നേതാവായി വാഴ്ത്തപ്പെടുന്നത്. മറ്റേതു മതങ്ങളേക്കാളും ഇസ്ലാമിന്‍റെ
പാരിസ്ഥിതിക കാഴ്ച്ചപ്പാടുകള്‍ക്ക് മൂല്യം കല്‍പിക്കപ്പെടുന്നതും ഇത് കൊണ്ട്
മാത്രമാണ്. യുദ്ധത്തിന് വേണ്ടി പുറപ്പെടുന്ന തന്‍റെ അനുചരന്മാര്‍ക്ക് പ്രവാചകന്‍(സ്വ)
നല്‍കാറുണ്ടായിരുന്ന ഉപദേശം ഒരു പക്ഷെ, ആധുനിക പരിസ്ഥിതി സംരക്ഷണ സംഘടനകള്‍ക്കും മറ്റും വലിയൊരു
മാതൃകയാണ്.
നിങ്ങള്‍ സ്ത്രീകളെയോ വൃദ്ധന്മാരെയോ വധിക്കരുത്.
നിങ്ങള്‍ മരങ്ങള്‍ മുറിക്കുകയോ കെട്ടിടങ്ങള്‍ തകര്‍ക്കുകയോ ചെയ്യരുത്
എന്നതായിരുന്നു നബി(സ്വ) യുടെ ഉപദേശം. പരിസ്ഥിതിയുടെ മൂല്യം വിളിച്ചോതാനുതകുന്ന
ഏറ്റവും വലിയ ഒരു പ്രഖ്യാപനമായി ഈ പ്രഖ്യാപനത്തെ കാണുന്നതിലും യാതൊരു
തെറ്റില്ല. പക്ഷെ, പരിസ്ഥിതി സംരക്ഷണത്തിനായി യു.എന്‍.ഒ യെപ്പോലോത്ത ഒരുപാട് അന്താരാഷ്ട്ര സംഘടനകള്‍ ഒരുപാട്
പദ്ധതികളും ആവിഷ്കരിക്കുന്നുണ്ടെങ്കിലും ആരും പരിസ്ഥിതി പാഠങ്ങള്‍ ജീവിതത്തില്‍
നിഴലിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സാമൂഹിക
ബോധങ്ങള്‍ വ്യക്തി ജീവിതത്തില്‍ നിന്നുയിര്‍ കൊള്ളേണ്ടതാണ്. വ്യക്ത ജീവിതത്തില്‍
ഇത്തരം പാഠങ്ങള്‍ പകര്‍ത്തുമ്പോള്‍ മാത്രമേ, അവിടെ നിന്ന് കുടുംബ ജീവിതത്തിലേക്കും പിന്നീട് സാമൂഹിക
ജീവിതത്തിലേക്കും ഇവ രൂപമാറ്റം ചെയ്യപ്പെടുകയുള്ളൂ…..
ഒട്ടകത്തിന്‍റെ മേല്‍
അമിതഭാരം കയറ്റിയ തന്‍റെ പ്രജയെ ഒരടി കൊടുത്തു കൊണ്ട് അയാള്‍ ചെയ്ത തെറ്റ്
ചെറുതല്ലെന്ന് ബോധ്യപ്പെടുത്തിക്കൊടുത്ത ഉമര്‍(റ) മിണ്ടാപ്രാണിയായതിന്‍റെ പേരില്‍
അവഗണിക്കപ്പെടേണ്ടതല്ല ഒരു മൃഗം എന്ന് ലോക സമക്ഷം കാട്ടിക്കൊടുക്കുകയായിരുന്നു.
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തന്നിലേക്ക് ആവലാതി ബോധിപ്പിക്കാന്‍ എത്തിയ
ഒട്ടകത്തോട് പ്രവാചകന്‍(സ) കാട്ടിയ പെരുമാറ്റം ഏറെ മാതൃകാ പരമാണ്. ആദ്യം തന്നെ
ഒട്ടകത്തെ മുതലാളിയെ വിളിച്ചു വരുത്തുകയും ഈ ഒട്ടകത്തെ അല്ലാഹു നിങ്ങള്‍ക്ക്
ഉടമപ്പെടുത്തിത്തന്നത് ഇതിനെ പട്ടിണിക്കിടാന്‍ അല്ല എന്ന് ആ അനുചരനെ
പഠിപ്പിക്കുകയുമായിരുന്നു. മിണ്ടാപ്രാണികള്‍ക്ക്
പോലും അവരുടെ അവകാശങ്ങള്‍ പകുത്തു നല്‍കുന്ന ഈ ഇസ്ലാം മതം എന്തു കൊണ്ടും
അതുല്യമാണെന്ന് പറയാതെ വയ്യ.
ഈ പവിത്രമായ ജീവിതങ്ങളില്‍
നിന്നാണ് മുസ്ലിം ലോകം എന്നും പാഠമുള്‍ക്കൊള്ളേണ്ടത്. പ്രവാചകന്‍(സ്വ) യും
അനുയായികളും മരങ്ങളോടും മറ്റു ജീവന്‍റെ തുടിപ്പായ സസ്യങ്ങളോടുമെല്ലാം മുന്‍ചൊന്ന
വിധത്തിലുള്ള സൂക്ഷ്മ കാഴ്ച്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തിയതിന്‍റെ പിന്നില്‍
പ്രധാനമായി കാണാവുന്ന വസ്തുത എന്നത് ജന്തുലോകത്തിന്‍റെ സംരക്ഷണമായിരുന്നു.
നബി(സ്വ)യുടെ ചലന നിശ്ചലനങ്ങളെ വ്യക്തമായി നിരീക്ഷിക്കുമ്പോഴാണ് യുദ്ധ വേളകളില്‍
മരച്ചുവടുകളില്‍ വിശ്രമിക്കുമ്പോള്‍ തന്‍റെ വാള്‍ മരക്കൊമ്പുകളില്‍ കൊത്തി
വെക്കുന്നതിന്ന് പകരം തൂക്കിയിടാറുണ്ടായിരുന്ന ആ പ്രവാചകന്‍റെ വിശാല ജീവിതത്തിന്‍റെ
അര്‍ത്ഥ തലങ്ങള്‍ നമുക്കു മുമ്പില്‍ തുറക്കപ്പെടുന്നത്.
ലോകത്തിലെ സര്‍വ്വ
പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മാതൃകയാവും
വിധത്തില്‍ മുന്‍ചൊന്നതിനു സമാനമായ ഒരുപാട് ഉദാത്ത ചരിത്രങ്ങള്‍ ആ വിശാല
ജീവിതത്തില്‍ ദര്‍ശിക്കാവുന്നതാണ്. അനുചരരിലൊരാള്‍ സ്നേഹ പൂര്‍വ്വം ഒരു
പക്ഷിക്കുഞ്ഞിനെ സമ്മാനിച്ചപ്പോള്‍ അതിനെ അതിന്‍റെ തള്ളപ്പക്ഷിയുടെ അടുക്കല്‍
കൊണ്ടുവിടലാണ് ഏറ്റവും ഉത്തമം എന്ന് പ്രതിവചിച്ച നബി(സ)യുടെ പ്രഖ്യാപനം യുഗങ്ങള്‍ക്കിപ്പുറം
നമ്മുടെ സമുദായത്തിന് ഏറെ പാഠമുള്‍ക്കൊള്ളാനുള്ളതാണ്. അത് കൊണ്ട് തന്നെ നമ്മുടെ
പൂര്‍വ്വികര്‍ നമുക്ക് നമ്മുടെ ഈ മനോഹരമായ പരിസ്ഥിതിയെ എങ്ങനെ നമ്മലേക്കെത്തിച്ചു
വോ അതിലുപരി മനോഹരമായി ഈ ചുറ്റുപാടിനെ നമ്മുടെ വരും തലമുറക്ക് കൈമാറാന്‍ നമുക്ക്
സാധിക്കേണ്ടതുണ്ട് എന്നുണർത്തി ഞാനെൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നു.
إرسال تعليق