ഓരോ കാലത്തും നിയുക്തരാകുന്ന പ്രവാചകന്മാര്‍ മുഖേന അവരുടെ സത്യാവസ്ഥയെ സാക്ഷീകരിക്കാനായി ചില അമാനുഷിക ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്. ഓരോ കാലത്തുമുള്ള ജനത ഏതൊരു വിഷയത്തില്‍ ഏറ്റവും മുന്‍പന്തിയിലെത്തുകയും അതില്‍ അഹങ്കരിക്കുകയും ചെയ്തിരുന്നുവോ അതില്‍ തന്നെ അവരെ പരാചയപ്പെടുത്തുന്നതിലാണെല്ലോ പ്രവാചകന്മാരുടെ സത്യാവസ്ഥ കൂടുതല്‍ പ്രകടമാവുക. അതു അവരുടെ അന്തസ്സിനെ പൂര്‍വ്വാധികം വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍, അതതു കാലത്ത് മികച്ചുനിന്ന കലകളെ വെല്ലുന്ന സിദ്ധികളുമായാണ് അല്ലാഹു പ്രവാചകരെ നിയോഗിച്ചത്
ഇനി
നബിയുടെ കാലമെടുത്താൽ.
അന്ന് അറബി സാഹിത്യം അതിന്റെ ഉച്ചി പ്രാപിച്ചിരുന്നു. ജനങ്ങള്‍ അതില്‍
ആഹ്ലാദിച്ചഹങ്കരിക്കുകയും ചെയ്തു. അറബി സാഹിത്യത്തിലുള്ള അവരുടെ നൈപുണ്യവും
അഭിരുചിയും മാല്‍സര്യമനോഭാവവും വിശദമായി വിവരിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
ഓരോ കുടുംബത്തിലും ഓരോ വീട്ടിലും സാഹിത്യകാരന്മാരും കവികളുമുണ്ടായിരുന്നു അന്ന്.
മാല്‍സര്യ ബുദ്ധിയോടെ അവര്‍ മുന്നേറി. ഓരോ ഗോത്രത്തിലും ഓരോ പ്രഗല്‍ഭ
കവിയെങ്കിലുമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ അവരുടെ സാഹിത്യ മല്‍സരങ്ങള്‍
നടക്കുക പതിവായി. നബിയുടെ ജന്മത്തിന് മുമ്പു രചിക്കപ്പെട്ട അറബി കാവ്യങ്ങള്‍
ഇന്നും ഭാഷാ സാഹിത്യത്തിലെ ക്ലാസിക്കുകളാണെന്നതുതന്നെ അതില്‍ അവര്‍ക്കുണ്ടായിരുന്ന
അധൃഷ്യതക്കു മതിയായ തെളിവാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആന്‍ അവരെ
വെല്ലുവിളിച്ചു. അതുകൊണ്ട് അല്ലാഹു അവരെ പരാചയപ്പെടുത്തി. മനുഷ്യരും ജിന്നുകളും
ഒന്നായി ചേര്‍ന്ന് പരസ്പരം സഹായിച്ചാലും ഖുര്‍ആനോട് തത്തുല്യമായ ഒരു ഗ്രന്ഥം അവര്‍ക്ക്
കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നതല്ലെന്ന് സര്‍വ്വശക്തന്‍ തറപ്പിച്ചുപറഞ്ഞു (17:88).
ഇനി മുഴുവനുമില്ലെങ്കില്‍ അതിലെ സൂറത്തുകള്‍ പോലെയുള്ള പത്തു
സൂറത്തുകള്‍ കൊണ്ടുവരുവാന്‍ അവരെ ആഹ്വാനം ചെയ്തു (11:13). അവസാനം, ഖുര്‍ആന്‍ വളരെ താഴോട്ടിറങ്ങി അതിലെ അധ്യായം പോലുള്ള ഒരദ്ധ്യായമെങ്കിലും
കൊണ്ടുവരുവാന്‍ വെല്ലുവിളിച്ചു (2:23, 10:38).
എന്നാല്‍, ആ സാഹിത്യ കേസരിമാരെല്ലാം തന്നെ പ്രസ്തുത വെല്ലുവിളികള്‍ കേട്ടു
മിഴിച്ചുനിന്നതല്ലാതെ അതു സ്വീകരിച്ചു മുന്നോട്ടു വരുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
അന്നു മുതല്‍ ഇന്നുവരെ ആ വെല്ലുവിളി വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി നില്‍ക്കുന്നു.
ഇസ്‌ലാമിനെ എതിര്‍ക്കുവാന്‍ കിട്ടുന്ന അവസരമൊന്നും പാഴാക്കാത്ത ശത്രുക്കള്‍ക്ക്
അത് സ്വീകരിച്ച് ഖുര്‍ആനെ പരാചയപ്പെടുത്തുവാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ലായെന്നത്
ഒരു ചരിത്ര സത്യം മാത്രമാണ്. ഇനി ഒരു കാലത്തും സാധിക്കുന്നതുമല്ല. എഴുത്തും
വായനയും ഒട്ടും അറിയാത്ത, ജനനം മുതല്‍ 40 കൊല്ലക്കാലം സ്വജനങ്ങളോടുകൂടി താമസിച്ചു പോന്ന ഒരു വ്യക്തി -നബി സ്വ-
പെട്ടെന്നിങ്ങനെ ഒരു ഗ്രന്ഥം ഓതിക്കേള്‍പ്പിക്കാന്‍ ആരംഭിക്കയാണെന്നറിയുന്ന
ഏതൊരാള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ നിര്‍മിതമല്ലെന്നും, അതില്‍തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസ്താവിച്ചതുപോലെ അത്
അല്ലാഹുവില്‍നിന്നുള്ളതാണെന്നും ഗ്രഹിക്കുവാന്‍ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ?
മറ്റു
പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ടതിലും വളരെയധികം മുഅ്ജിസത്തുകൾ നമ്മുടെ നബിക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്.
അവയില്‍ ഏറ്റവും വലിയത് വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനില്‍തന്നെ 6000 ത്തോളം
മുഅ്ജിസത്തുകളുണ്ടെന്നാണ് ചില മഹാന്മാര്‍ പറയുന്നത്. അതു കൂടാതെത്തന്നെ 3000 അല്‍ഭുത ദൃഷ്ടാന്തങ്ങളുമുണ്ട്.
വിശുദ്ധ ഖുര്‍ആന്റെ നിസ്തുല സാഹിത്യ സംപുഷ്ടത മാത്രമല്ല, അതിനെ ഒരു അജയ്യ ഗ്രന്ഥമാക്കിയത്. അതിലെ തത്ത്വേപദേശങ്ങളും സന്മാര്‍ഗ
നിര്‍ദ്ദേശങ്ങളെയും വെല്ലുവാനും ആരാലും സാധ്യമല്ല. 'നിശ്ചയമായും
ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ ജീവിത പന്താവിലേക്ക് മാര്‍ഗ ദര്‍ശനം ചെയ്യുന്നു'
(17:9)
إرسال تعليق