പാരായണ രീതിയിലും പദവിന്യാസത്തിലുമുള്ള അമാനുഷികത | Nabidina Seminar

ഹൃദ്യവും മധുരതരവുമായ പ്രത്യേക പാരായണ രീതി ഖുർആനെ മറ്റു മാനുഷിക ഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നു. ഗദ്യ രൂപമോ പദ്യ രൂപമോ അല്ല. ഖുർആനിനു മുമ്പോ ശേഷമോ ഈ ശൈലിയിലുള്ള ഒരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടില്ല. ഓരോ അക്ഷരവും സുവ്യക്തമാകും വിധം ആശയങ്ങൾ സ്പഷ്ടമാക്കി, ഹൃദയം തുളച്ച്, കാതുകളെ കുളിരണിയിച്ച്, രോമകൂപങ്ങളെ കോൾമയിർ കൊള്ളിച്ച് ഖുർആൻ വചനങ്ങൾ ഒഴുകിപ്പരക്കുമ്പോൾ എതിരാളികൾ പോലും അതിന്റെ മാസ്മരികതയിൽ അലിഞ്ഞു ചേർന്നതാണ് ഖുർആന്റെ ചരിത്രം.
         
ബി(സ്വ)യുടെ കഠിന ശത്രുവായിരുന്ന, ഒരുവേള ഊരിപ്പിടിച്ച വാളുമേന്തി നബിശിരസ്സെടുക്കാൻ ആക്രോശിച്ചിറങ്ങിയ ഉമർ(റ) തന്നെ സൂറത്തു ത്വാഹയുടെ ഏതാനും വരികൾ യാദൃച്ഛികമായി കേട്ടപ്പോൾ ഹൃദയത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു തീർത്ത സംഭവം സുപ്രസിദ്ധമാണ്.

ദൗസ് ഗോത്രത്തലവനായ തുഫൈലുബ്‌നു അംറ് മക്കയിലെത്തി. ഖുർആൻ കേട്ടവരൊക്കെ അതിൽ ആകൃഷ്ടരാവുന്ന അനുഭവമുള്ളതിനാൽ ഖുറൈശി പ്രമുഖർ അദ്ദേഹത്തെ സമീപിച്ച് മുന്നറിയിപ്പു നൽകി: താങ്കൾ മുഹമ്മദിന്റെ ഖുർആൻ കേൾക്കരുത്. നിങ്ങൾ വഴിതെറ്റും. അതിനാൽ ചെവിയിൽ ഈ തുണി തിരുകിവെച്ച് കഅ്ബലയം പ്രദക്ഷിണം ചെയ്യുക. തുഫൈൽ ഏതാനും ചുറ്റുകൾ അപ്രകാരം നടന്നു. പിന്നീടദ്ദേഹം ചിന്തിച്ചു: ഞാനെന്തിന് ചെവി പൊത്തണം? കേൾക്കുന്നതിന്റെ നേരും നെറിയും തിരിച്ചറിയാൻ എനിക്ക് വിവേചനശക്തിയില്ലേ!
ആ ശീല എടുത്തുകളഞ്ഞ് അദ്ദേഹം പ്രദക്ഷിണം പൂർത്തീകരിക്കാനാരംഭിച്ചു. ഉടനെ തന്റെ കാതുകളെ കുളിരണിയിച്ചുകൊണ്ട് തിരുനബി(സ്വ)യുടെ വശ്യസുന്ദരമായ ഖുർആൻ പാരായണം അദ്ദേഹം കേൾക്കാനിടയായി. പിന്നീടൊരു പ്രഖ്യാപനമായിരുന്നു: അല്ലാഹുവാണ് സത്യം, ഇത്ര മനോഹരവും നീതിയുക്തവുമായ ഒരു സംസാരവും ഞാൻ കേട്ടിട്ടില്ല. അവിടെ വെച്ചു തന്നെ തുഫൈൽ(റ) തന്റെ ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചു. തുടർന്ന് ഖുറൈശികളെടുത്ത നിലപാടിനെ ഖുർആൻ ഉദ്ധരിച്ചു: സത്യനിഷേധികൾ പറഞ്ഞു: നിങ്ങളീ ഖുർആൻ കേൾക്കരുത്. (അത് ഓതപ്പെടുമ്പോൾ) നിങ്ങൾ ബഹളമുണ്ടാക്കുക. നിങ്ങൾ വിജയിച്ചേക്കും (ഫുസ്സിലത് 26).

പദവിന്യാസത്തിലുമുണ്ട് ഖുർആനിൽ വിസ്മയങ്ങൾ, ഖുർആനിൽ ഒരക്ഷരവും വെറുതെ വിന്യസിച്ചതായി കാണാൻ കഴിയില്ല. കൃത്യമായ ലക്ഷ്യവും സൂക്ഷ്മമായ ആശയവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അക്ഷരവിന്യാസം അത്ഭുതകരമാണ്. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കാം. സൂറത് മുഅ്മിനൂനയിൽ മഴ വെള്ളം വർഷിപ്പിച്ച് തോട്ടങ്ങളിൽ വിവിധ പഴവർഗങ്ങൾ വളരുന്നതിനെ പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ومنها تأكلون (നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുകയും ചെയ്യും). വാവ് എന്ന അക്ഷരമാണ് ഭക്ഷിക്കുകയും ചെയ്യും എന്ന അർത്ഥം നൽകുന്നത്. ഇതിന്റെ സാരം ഭൗതിക ലോകത്തെ പഴങ്ങൾ ഭക്ഷിക്കാൻ മാത്രമുള്ളതല്ല, വിൽപനയ്ക്കും വിത്തിനും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനുമെല്ലാം ഉപയോഗിക്കുമെന്നാണ്.
എന്നാൽ സൂറത് സുഖ്‌റുഫിൽ സ്വർഗത്തിലെ പഴങ്ങളെ കുറിച്ച് ഇതേ ശൈലിയിൽ പരാമർശിച്ചപ്പോൾ ഈ വാവ് ചേർക്കാതെ
منها تأكلون എന്നാണ് കാണുന്നത്. അതിൽ നിന്നും നിങ്ങൾ ഭക്ഷിക്കും എന്നേ ഇതിനർത്ഥമുള്ളൂ. അഥവാ സ്വർഗീയ പഴങ്ങൾ വിൽക്കാനോ വിത്തിനോ മൂല്യവർധിത ഉൽപന്നങ്ങൾക്കോ ഉപയോഗിക്കില്ല. ഓരോ അക്ഷരത്തിനിടയിലും ഇത്ര വലിയ ആശയങ്ങൾ ഉൾച്ചേർത്ത് ഒരു ഗ്രന്ഥം രചിക്കാൻ നിരക്ഷരനായ മുഹമ്മദ് നബി(സ്വ)ക്ക് എങ്ങനെ സാധിച്ചു? അതിനാൽ ഇത് ദൈവിക ബോധനം തന്നെ.
          സൂറത് ഫുസ്സിലത്തിൽ മരണാസന്നരായ മനുഷ്യരുടെ ചാരത്തേക്ക് മാലാഖമാർ ഇറങ്ങിവരുന്നതിനെ പറ്റി പരാമർശിച്ചുകൊണ്ട് تتنزل  എന്നു പ്രയോഗിച്ചു കാണാം. എന്നാൽ ഖദ്‌റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നത് പരാമർശിച്ച സൂറതുൽ ഖദ്‌റിൽ تنزل  എന്ന ഒരു താ മാത്രമാണുപയോഗിച്ചത്. ഇതിനു പിന്നിലും ചില താൽപര്യങ്ങളുണ്ട്. ആദ്യം പറഞ്ഞ ഇറങ്ങൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നതാണ്. കാരണം ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് മരണം നടന്നുകൊണ്ടിരിക്കുമല്ലോ. അപ്പോഴൊക്കെ മലക്കുകൾ ഇറങ്ങുന്നുണ്ടാവും. ഈ ആശയം പ്രകാശിപ്പിക്കാൻ തതനസ്സലു എന്നു തന്നെ പ്രയോഗിക്കണം. എന്നാൽ രണ്ടാമതു പറഞ്ഞത് വർഷത്തിൽ ഒരു തവണ മാത്രം ഖദ്‌റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നതിനെ സംബന്ധിച്ചാണ്. ആ ആശയം ലഭിക്കാൻ തനസ്സലു എന്നു മാത്രം പ്രയോഗിച്ചാൽ മതി. നിരക്ഷരനായൊരു വ്യക്തി ഇത്ര സൂക്ഷ്മമായി എങ്ങനെ ഇത്തരം സംഗതികൾ പാലിച്ചു കൊണ്ട് ഗ്രന്ഥ രചന നടത്തി? സാധ്യമല്ലതന്നെ. അതിനാൽ ഇത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു: ഇതിനു മുമ്പ് അങ്ങ് വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ അവിടത്തെ കരംകൊണ്ട് വല്ലതും എഴുതുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ പ്രശ്‌നകാരികൾക്ക് സംശയിക്കാൻ പഴുതുണ്ടാകുമായിരുന്നു (അൻകബൂത്ത് 48).

Post a Comment

أحدث أقدم

Hot Posts