വുളൂഅ്
അല്ലാഹു പറഞ്ഞു : സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക.
നബി (സ) പറഞ്ഞു : എന്റെ ഉമ്മത് അന്ത്യനാളിൽ വുളൂഇന്റെ അടയാളങ്ങളുടെ കാരണത്താൽ കൈ കാലുകൾ വെളുത്തവർ എന്ന് വിളിക്കപ്പെടും, അതിനാൽ നിങ്ങൾക്കാർക്കെങ്കിലും നീട്ടി കഴുകാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക.
പ്രത്യേക അവയവങ്ങളെ കഴുകലാണ് വുളൂഅ്. വുളൂഅ് ഇല്ലാതെ നിസ്കാരം അനുവദനീയമല്ല. വുളൂഅ് പതിവാക്കൽ പ്രതിഫലം അർഹിക്കുന്നതും പരലോകത്തിലെ പദവികൾ വർദ്ധിക്കാൻ കാരണമാക്കുന്നതുമായ തേടപ്പെട്ട കാര്യമാണ്.
വുളൂഇന്റെ നിയമങ്ങൾ
വുളൂഅ് ഫർള്, വാജിബ്, മുസ്തഹബ്ബ് എന്നിങ്ങനെ മൂന്ന് വിധമാണ്. അശുദ്ധിക്കാരന് താഴെയുള്ള കാര്യങ്ങൾക്ക്
വുളൂഅ് ഫാർളാണ് : ഫർളോ സുന്നത്തോ ആയ നിസ്കാരം നിർവഹിക്കൽ , മയ്യത്ത് നിസ്കാരം, തിലാവത്തിന്റെ സുജൂദ്, മുസ്ഹഫോ ഖുർആനിലെ ആയത്ത് എഴുതിയ കടലാസ് പോലാത്തതോ സ്പർശിക്കൽ എന്നിവയാണവ.
കഅ്ബ ത്വവാഫ് ചെയ്യുന്നതിന് വുളൂഅ് നിർബന്ധമാണ്. ഖുർആൻ, ഹദീസ് എന്നിവ പാരായണം ചെയ്യൽ, കേൾക്കൽ, ദിക്ർ ചൊല്ലൽ, ശറഇയ്യായ അറിവ് പടിക്കലും പഠിപ്പിക്കലും എഴുതലും പള്ളിയിൽ പ്രവേശിക്കൽ, നബി (സ) യെ സന്ദർശിക്കൽ, ബാങ്ക് കൊടുക്കൽ, അറഫയിൽ നിൽക്കൽ, സ്വഫ മർവക്കിടയിൽ ഓടൽ, വലിയ ആശുദ്ധിക്കാരന്റെ തീറ്റയും കുടിയും, ഉറക്കം തുടങ്ങിയ കാര്യങ്ങൾക്ക് വുളൂഅ് മുസ്തഹബ്ബാക്കപ്പെടും. അത് പോലെ ഉറക്കിൽ നിന്ന് എണീറ്റാൽ, വുളൂഅ് പതിവാക്കുന്നതിന്, ആദ്യത്തെ വുളൂഅ് കൊണ്ട് മറ്റൊരു ആരാധന നിർവഹിച്ചാൽ വുളൂഅ് പുതുക്കുന്നതിന്, എന്തെങ്കിലും ദോഷം ചെയ്തതിന് ശേഷം, ആക്ഷേപാർഹമായ ഗാനം കേട്ടാൽ, കളവ്, ഗീബത് പോലെ ഹറാമായത് സംസാരിച്ചാൽ, കോപം ഉണ്ടാകുമ്പോൾ, മയ്യത്തിനെ കുളിപ്പിച്ചതിനും ചുമന്നതിനും എന്നീ കാര്യങ്ങൾക്ക് വുളൂഅ് മുസ്തഹബ്ബാക്കപ്പെടും. അത് പോലെ നിസ്കാരത്തിന് പുറത്തായിരിക്കെ പൊട്ടിച്ചിരിച്ചാലും. എന്നാൽ നിസ്കാരത്തിൽ പൊട്ടിച്ചിരിച്ചാൽ വുളൂഅ് മുറിയും.
വുളൂഇന്റെ റുക്നുകളും ഫർളുകളും
വുളൂഇന്റെ റുക്നുകളും ഫർളുകളും നാലണ്ണമാണ്.
1- ഒരു പ്രാവശ്യം മുഖം കഴുകുക.
നീളത്തിൽ നെറ്റിത്തടത്തിന്റെ മുകൾ ഭാഗം മുതൽ താടികുറ്റിയുടെ താഴെ ഭാഗം വരെയും വീതിയിൽ ഇരു ചെവിയുടെ കർണ്ണപുടം വരെയും ആണ് മുഖം.
2- കൈ രണ്ടും മുട്ടോട് കൂടെ കഴുകുക.
3-തലയിലെ നാലിലൊന്ന് തടവൽ.
4-ഒരു പ്രാവശ്യം ഇരു കാലുകളും ഞെരിയാണിയോട് കൂടെ കഴുകുക.
വുളൂഇന്റെ ശർത്തുകൾ
താഴെയുള്ള കാര്യങ്ങൾ വുളൂഇന്റെ സാധുതക്ക് ശർത്താണ്.
1- വുളൂഇന്റെ എല്ലാ അവയവങ്ങളിലേക്കും വെള്ളം എത്തിക്കുക.
2- മെഴുക്, മാവ് പോലെയുള്ള വുളൂഇന്റെ അവയവങ്ങളിൽ വെള്ളം ചേരുന്നതിന് തടസ്സമാകുന്ന ഒന്നും ഇല്ലാതിരിക്കുക.
3- വുളൂഇന്റെ ഇടയിൽ വുളൂഇനെ ബാത്വിലാക്കുന്ന ഒന്നും ഇല്ലാതിരിക്കുക.
താഴെയുള്ള കാരണങ്ങൾ ഉള്ളവർക്കല്ലാതെ വുളൂഅ് നിർബന്ധമില്ല.
1- പ്രായപൂർത്തി. കുട്ടിക്ക് വുളൂഅ് നിർബന്ധമില്ല.
2- ബുദ്ധി. ഭ്രാന്തന് വുളൂഅ് നിർബന്ധമില്ല.
3- ഇസ്ലാം. കാഫിറിന് വുളൂഅ് നിർബന്ധമില്ല.
4- പര്യാപ്തമായ വെള്ളം ലഭ്യമാവുകയും വെള്ളം ഉപയോഗിക്കാൻ കഴിവുണ്ടാവുകയും ചെയ്യുക. വെള്ളം ലഭിക്കാത്തവാനോ ഉപയോഗിക്കാൻ കഴിവില്ലാത്തവാനോ വുളൂഅ് നിർബന്ധമില്ല.
5- ചെറിയ അശുദ്ധി. ആദ്യമേ വുളൂഅ് ഉള്ളവന് വുളൂഅ് നിർബന്ധമില്ല.
6- സമയം കുടുസ്സവുക. സമയം വിശാലമായിരിക്കെ വുളൂഅ് പെട്ടന്ന് നിർബന്ധമില്ല എന്നല്ല, പിന്തിപ്പിക്കൽ അനുവദനീയമാണ്.
വുളൂഇന്റെ മര്യാദകൾ
നബി (സ) പറഞ്ഞു :
വുളൂഅ് എടുക്കുകയും അതിനെ നന്നാക്കുകയും ചെയ്തവന്റെ എല്ലാ പാപങ്ങളും ശരീരത്തിൽ നിന്ന് പുറത്ത് പോകുന്നതാണ്, നഖത്തിന്റെ താഴെ ഭാഗത്തിലൂടെ വരെ പുറത്ത് പോകും.
വുളൂഅ് എടുക്കുന്നവന് താഴെയുള്ള കാര്യങ്ങൾ പരിഗണിക്കൽ മുസ്തഹബ്ബാണ്.
മുസ്തഅ്മലായ വെള്ളം തെറിക്കാതിരിക്കാൻ വുളൂഅ് എടുക്കാൻ ഉയർന്ന സ്ഥലത്ത് ഇരിക്കുക, ഖിബ്ലയിലേക്ക് മുന്നിടുക, സഹായ തേട്ടവും സംസാരവും ഉപേക്ഷിക്കുക, എല്ലാ ഓരോ അവയവും കഴുകുമ്പോൾ ബിസ്മി ചൊല്ലുക, ദിക്റുകളും ഹദീസിൽ വന്ന ദുആകളും കൊണ്ട് വരിക., ഹൃദയം കൊണ്ടുള്ള നിയ്യത്തും നാവുകൊണ്ടുള്ള ഉച്ചാരണവും ഒരുമിപ്പിക്കുക, ചെവി തടയുമ്പോൾ നനയ്ക്പ്പെട്ട ചെറു വിരൽ ചെവിക്കുണ്ടിലേക്ക് പ്രവേശിപ്പിക്കുക, കുടുസല്ലാത്ത മോതിരം ഇളക്കുക, വലതു കൈ വായ കൊപ്ലിക്കാനും മൂക് കയറ്റാനും ഇടത് കൈ മൂക്ക് ചീറ്റാനും ഉപയോഗിക്കുക, എല്ലാ നിസ്കാര സമയത്തും വുളൂഅ് എടുക്കൽ നിർബന്ധമില്ലാത്തവരല്ലാത്തവർ സമയമാകുന്നതിന്റെ മുമ്പ് വുളൂഅ് എടുക്കുക, വുളൂഅ് കഴിഞ്ഞ ഉടനെ ഖിബ്ലയിലേക്ക് മുന്നിട്ട് ഇത് പ്രാർത്ഥിക്കുക أشهد أن لا إله الله وحده لا شريك له واشهد أن محمد عبده ورسوله اللهم إجعلني من التوابين وإجعلني من المتطهرين
وإجعلني من عبادك الصالحين.
( അല്ലാഹു മാത്രമേ ആരാധ്യനായി ഉള്ളുവെന്നും മുഹമ്മദ് നബി (സ ) അവന്റെ അടിമയും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ നീ എന്നെ കൂടുതൽ തൗബ ചെയ്യുന്നവരിലും നിന്റെ നല്ലവരായ അടിമകളിലും ഉൾപെടുത്തണേ).
വുളൂഇൽ ഉപയോഗിക്കുന്ന വെള്ളം ദുരുപയോഗം ചെയ്യലും ആവശ്യത്തിനേക്കാളും കുറക്കലും വെള്ളം കൊണ്ട് മുഖത്ത് അടിക്കലും ഓരോ പ്രാവശ്യവും പുതിയ വെള്ളം എടുത്ത് കൊണ്ട് തല മൂന്ന് പ്രാവശ്യം തടവലും കറാഹത്താണ്.
വുളൂഇന്റെസുന്നത്തുകൾ
വുളൂഇന്റെ പരിപൂർണമായ രൂപം ലഭിക്കുന്നതിന് വേണ്ടി വുളൂഅ്എടുക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കൽ സുന്നത്താക്കപ്പെടും.
വുളൂഇന്റെ മുമ്പ് നിയ്യത്ത്, ബിസ്മി, കൈത്തണ്ട വരെ മുൻകൈകൾ കഴുകുക, പല്ല് തേക്കുക -ബ്രഷ് ഇല്ലാത്തപ്പോൾ വിരൽ കൊണ്ടെങ്കിലും -, വായ കൊപ്ലിക്കൽ,മൂക്ക് ചീറ്റൽ, നോമ്പ് കാരനല്ലാത്തവൻ ഇതിൽ അമിതമാക്കൽ, കഴുകലിൽ മൂന്ന് പ്രാവശ്യമാക്കൽ, തല മൊത്തം തടവൽ, ചെവി ഉള്ളും പുറവും തടവൽ, വിരലുകൾ തിങ്ങിയ താടിയിൽ താഴെ ഭാഗത്തിലൂടെ തിക്കകറ്റൽ, അവയവങ്ങൾ തേച്ചുരക്കൽ, വലതിനെ ഇടതിനേക്കാൾ മുന്തിക്കൽ,തല തടവൽ മുൻ ഭാഗത്ത് നിന്ന് തുടങ്ങൽ, പിരടി തടവൽ, കഴുകുന്നതിൽ ക്രമ പ്രകാരം ചെയ്യൽ- ആദ്യം മുഖവും പിന്നെ രണ്ട് കൈകളും കഴുകുകയും പിന്നെ തല തടവലും പിന്നെ രണ്ട് കാലുകൾ കഴുകലുമാണ്.
വുളൂഅ് മുറിയുന്ന കാര്യങ്ങൾ
താഴെയുള്ള കാര്യങ്ങൾ കൊണ്ട് വുളൂഅ് മുറിയും :- മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതും പുറപ്പെടൽ, ശുദ്ധീകരിക്കൽ നിർബന്ധമായ ഭാഗത്തേക്ക് ഛലമോ രക്തമോ പുറപ്പെടൽ, തുപ്പലത്തേക്കാൾ അധികമായോ തുല്യമായോ വായയിൽ നിന്ന് രക്തം വരൽ, വായ നിറയെ ആമാശയത്തിൽ നിന്നല്ലാതെയുള്ള ഛർദി, ഇരിപ്പിടം ഉറപ്പിക്കാതെയുള്ള ഉറക്കം, ഉണരുന്നതിന് മുമ്പ് ഇരിപ്പിടം ഉയരൽ, ബോധക്ഷയം, ഭ്രാന്ത്, മസ്ത്, റുകൂഉം സുജൂദുമുള്ള നിസ്കാരത്തിൽ ഉണർവുള്ള പ്രായപൂർത്തിയായവൻ പൊട്ടിച്ചിരിക്കുക.
താഴെയുള്ള കാര്യങ്ങൾ കൊണ്ട് വുളൂഅ് മുറിയുകയില്ല.
1- രക്തം അതിന്റെ സ്ഥാനത്തിൽ നിന്ന് വിട്ട് കടക്കാതെ പുറത്ത് വരിക.
2-രക്തം വരാതെ ശരീരത്തിൽ നിന്നും മാംസം വീഴുക.
3-ചെവിയിൽ നിന്നോ മുറിവിൽ നിന്നോ പുഴു വരിക.
4- വായ നിറയെയൊന്നും ഇല്ലാതെയുള്ള ഛർദി, ആമാശയത്തിൽ നിന്നുള്ള ഛർദി.
5-ഇരിപ്പിടം ഉറപ്പിച്ച് കൊണ്ടുള്ള ഇരുത്തം.
6-സുന്നത്തിന്റെ രീതിയിൽ നിസ്കരിക്കുന്നവന്റെ ഉറക്ക്.
7-ഗുഹ്യസ്ഥാനമോ സ്ത്രീയെയോ തൊടൽ.
ഗുഹ്യസ്ഥാനമോ സ്ത്രീയെയോ തൊട്ടാൽ വുളൂഅ് മുസ്തഹബ്ബാണ്.
വുളൂഉമായി ബന്ധപ്പെട്ട് മസ്അലകൾ
നേരിയ താടിയുടെ തൊലിയിലേക് വെള്ളം ചേർക്കൽ നിർബന്ധമാണ്. എന്നാൽ തിങ്ങിയ താടിയുടെ പുറം കഴുകൽ മാത്രമേ നിർബന്ധമുള്ളൂ. താടിയിൽ നിന്ന് തൂങ്ങി നിൽക്കുന്ന മുടി കഴുകൽ നിർബന്ധമില്ല, തടവലാണ് നിർബന്ധം.
വുളൂഇന്റെ അവയവത്തിലോ നഖത്തിന്റെ താഴെയോ മെഴുക് പോലെ തൊലിയിലേക് വെള്ളം ചേരലിനെ തടയുന്ന എന്തെങ്കിലും ഉണ്ടായാൽ കഴുകുന്നതിന്റെ മുമ്പ് അതിനെ നീക്കൽ നിർബന്ധമാണ്. നഖത്തിന് താഴെയുള്ള ചെളിയും കൊതുകിന്റെ കാഷ്ടവും തൊലിയിലേക് വെള്ളം ചേരുന്നതിനെ തടയുകയില്ല.
ഇളക്കി കൊടുക്കൽ കൊണ്ടല്ലാതെ കുടുസ്സായ മോതിരത്തിന് താഴേക്ക് വെള്ളം എത്തുകയില്ല എങ്കിൽ മോതിരം ഇളക്കി കൊടുക്കൽ നിർബന്ധമാണ്. കാലിന്റെ വിള്ളലുകൾ കഴുകൽ പ്രയാസമുണ്ടാക്കുന്നതാണെങ്കിൽ കഴുകൽ നിർബന്ധമില്ല. മറിച്ച് അതിന്മേൽ പുരട്ടിയ മരുന്നിന് മുകളിലായി വെള്ളത്തെ നടത്തിയാൽ മതിയാകുന്നതാണ്.
إرسال تعليق