HANAFI FIQH | CLASS 6 | LESSON 7

കുളി

അല്ലാഹു പറഞ്ഞു : "നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക".
"ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതാണ്. അവര്‍ ശുദ്ധിയാകുന്നത് വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത് ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു ".
നബി (സ)തങ്ങൾ പറഞ്ഞു : റഹ്മത്തിന്റെ മലക്കുകൾ രൂപമോ നായയോ ജനബത്തുകാരനോ ഉള്ള വീട്ടിലേക്ക് കടക്കുകയില്ല.
കുളി മൂന്ന് വിധമാണ്. ഫർള്, സുന്നത്ത്, മൻദൂബ്.  താഴെയുള്ള കാര്യങ്ങൾക്ക് കുളി നിർബന്ധമാകും :- ജനാബത്ത്, ആർത്തവം നിഫാസ് എന്നിവയിൽ നിന്ന് ശുദ്ധിയാവുക, മരണം.
ജുമുഅ നിസ്കാരം, പെരുന്നാൾ നിസ്കാരം, ഇഹ്റാം, ദുൽഹിജ്ജ  ഒമ്പതിന് സൂര്യൻ മദ്ധ്യത്തിൽ നിന്നും നീങ്ങിയതിന് ശേഷം അറഫയിൽ നിൽക്കൽ എന്നിവക്ക് കുളി സുന്നത്താക്കപ്പെടും.
ശഅ്ബാൻ പകുതിയുടെ രാത്രിയിലും ലൈലത്തുൽ ഖദ്റിലും സൂര്യ ചന്ദ്ര ഗ്രഹണ നിസ്കാരങ്ങൾക്കും മഴയെ തേടിയുള്ള നിസ്കാരത്തിനും ഭയമുള്ള സമയത്തും ഇരുട്ടുള്ള സമയത്തും ശക്തമായി കാറ്റടിക്കുമ്പോഴും യാത്ര കഴിഞ്ഞ് വരുമ്പോഴും വിശുദ്ധ മദീനയിലും മക്കയിലും പ്രവേശിക്കുമ്പോഴും മുസ്‌ദലിഫയിൽ നിക്കുമ്പോഴും പെരുന്നാൾ ദിവസം പ്രഭാതത്തിലും സിയാറത്തിന്റെ ത്വവാഫിനും മയ്യത്തിനെ കുളിപ്പിച്ചവനും കൊമ്പ് വെച്ചതിന് ശേഷവും ഭ്രാന്ത്‌, ബോധക്ഷയം, മസ്ത് എന്നിവയിൽ നിന്ന് ബോധം തെളിഞ്ഞതിനും കുളി മുസ്തഹബ്ബാണ്.

കുളിയുടെ ഫർളുകൾ

കുളിയുടെ ഫർളുകൾ മൂന്നണ്ണമാണ് :- വായ കൊപ്ലിക്കുക, മൂക്ക് കയറ്റി ചീറ്റുക, ശരീരത്തിന്റെ  എല്ലാ ഭാഗത്തേക്കും വെള്ളം എത്തിക്കുക.

കുളിയുടെ സുന്നത്തുകൾ

താഴെയുള്ള കാര്യങ്ങൾ പരിഗണിക്കൽ കുളിക്കുന്നവന് സുന്നത്താക്കപ്പെടും. കുളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ബിസ്മി ചൊല്ലുക, ശുദ്ധിയാക്കുന്നതിന്റെ നിയ്യത്ത്,    കൈത്തണ്ട വരെ കൈകൾ ആദ്യം തന്നെ കഴുകുക, ശരീരത്തിൽ നിന്ന് നജസും മ്ലേച്ചമായതും നീക്കം ചെയ്യുക, കുളിക്ക് മുമ്പ് വുളൂഅ് എടുക്കുക. മൂന്ന് പ്രാവശ്യം ശരീരം മൊത്തം വെള്ളം ഒഴിക്കുക-ആദ്യം  തലയിലും പിന്നെ വലത്തേ ചുമലിലൂടെയും പിന്നെ ഇടത്തെ ചുമലിലൂടെയും -, ശരീരം ഉരക്കുക, കഴുകപ്പെട്ട അവയവം അടുത്ത അവയവത്തിന് മുമ്പ് ഉണങ്ങാത്ത രൂപത്തിൽ കുളിക്കലിൽ തുടർച്ചയുണ്ടാവുക.
ഒലിക്കുന്ന വെള്ളത്തിലോ കൂടുതലുള്ള കെട്ടി നിൽക്കുന്ന വെള്ളത്തിലോ ഒരാൾ മുങ്ങുകയും ശരീരം ഉരക്കുകയും ചെയ്താൽ അവന് കുളിയുടെ എല്ലാ സുന്നത്തും പൂർത്തിയാക്കിയെടുത്തു.

Post a Comment